കുവൈത്ത് സിറ്റി: ഏറ്റവും കുറഞ്ഞ ജീവിത ചെലവുള്ള ഗൾഫ് രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടി കുവൈത്ത്. നംബിയോ ഗ്ലോബൽ കോസ്റ്റ് ഓഫ് ലിവിംഗ് ഇൻഡക്‌സ് 2025 ന്റെ ആദ്യ പകുതിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗൾഫിൽ ഏറ്റവും കുറഞ്ഞ ജീവിത ചെലവുള്ള രാജ്യം ഒമാനാണെന്നും പട്ടികയിൽ വ്യക്തമാകുന്നു. ഗൾഫ് രാജ്യങ്ങളിൽ ഒമാൻ, കുവൈത്ത്, എന്നീ രാജ്യങ്ങൾക്ക് ശേഷം യഥാക്രമം സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, യുഎഇ എന്നിവയാണ് പട്ടികയിൽ തൊട്ടു പിന്നിലായുള്ളത്.
അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ മൊത്തത്തിലുള്ള ജീവിതച്ചെലവുമായി താരതമ്യം ചെയ്തു കൊണ്ടാണ് പട്ടിക തയ്യാറാക്കിയത്. ന്യൂയോർക്ക് നഗരത്തെ അപേക്ഷിച്ച് കുവൈത്തിലെ ശരാശരി വാടക ചെലവ് 23 ശതമാനം കുറവാണ്. അതെ പോലെ ജീവിതച്ചെലവ് വാടക എന്നീ ഇനത്തിൽ 34.2 ശതമാനവും, പലചരക്ക് വിലയുടെ 33.7 ശതമാനവും, റസ്റ്റോറന്റിൽ നിന്നുള്ള ഭക്ഷണ വിലയുടെ 51.6 ശതമാനവും, കുറവാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കുവൈത്തിലെ ശരാശരി ജീവിതച്ചെലവ് അമേരിക്കയിലെ ശരാശരി ജീവിതച്ചെലവിനേക്കാൾ 37.8 ശതമാനം കുറവാണെന്നും റിപ്പോർട്ടിൽ വ്യക്തമാകുന്നു.