കുവൈത്ത് സിറ്റി: രോഗിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡോക്ടർക്ക് ശിക്ഷ വിധിച്ച് കുവൈത്ത്. ഈജിപ്ഷ്യൻ അനസ്‌തേഷ്യാ ഡോക്ടർക്കാണ് കുവൈത്തിൽ 7 വർഷം തടവ് ശിക്ഷ കോടതി വിധിച്ചത്. ക്രിമിനൽ കോടതി ജഡ്ജി അൽ-ദുവൈഹി മുബാറക് അൽ-ദുവൈഹിയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ശിക്ഷ വിധിച്ചത്.
തടവ് ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. കുവൈത്തിലെ ഒരു സർക്കാർ ആശുപത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി ആശുപത്രിയിൽ അനസ്‌തേഷ്യ വിഭാഗത്തിലെ ജീവനക്കാരനായിരുന്നു. രോഗി അബോധാവസ്ഥയിൽ ആയിരിക്കെയാണ് ഇയാൾ ലൈംഗിക പീഡനം നടത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായും, രോഗിയുമായി വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇരയുടെ പരാതി, സാക്ഷി മൊഴികൾ, പോലീസ് അന്വേഷണങ്ങൾ, പ്രതിയുടെ കുറ്റസമ്മതം തുടങ്ങിയവയെല്ലാമാണ് കേസിൽ നിർണായക വഴിത്തിരിവുകളായത്.