കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ ഹൗസിംഗ് വെൽഫയറിലെ അഴിമതി കേസുകളിലെ പ്രതികൾക്ക് തടവും പിഴയും വിധിച്ച് കുവൈത്ത്. അതോറിറ്റിയിൽ നിന്ന് 933,000 ദിനാർ തട്ടിയെടുത്ത കേസിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. കുവൈത്തി പൗരന്മാരുടെ ഭവന ഫയലുകൾ അവരുടെ അറിവില്ലാതെ കൃത്രിമമായി കൈകാര്യം ചെയ്ത് വാടക അലവൻസ് ഫണ്ടിൽ നിന്ന് നിയമ വിരുദ്ധമായി പണം തട്ടിയെന്നാണ് കേസ്.
സംഭവത്തിൽ അതോറിറ്റിയിലെ വകുപ്പ് മേധാവിക്ക് 15 വർഷം കഠിനതടവും 19 ലക്ഷം ദിനാർ പിഴയുമാണ് കോടതി ശിക്ഷയായി വിധിച്ചത്. രണ്ട് ജീവനക്കാർക്ക് അഞ്ചുവർഷം തടവും ആറുലക്ഷം ദിനാർ പിഴയും മറ്റ് രണ്ട് പ്രതികൾക്ക് 3,000 ദിനാർ പിഴയും കോടതി ശിക്ഷയായി വിധിച്ചു. കേസിൽ ഉൾപ്പെട്ട മൂന്ന് ജീവനക്കാരെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. 2016 ൽ വാടക അലവൻസ് ഫയലുകളിൽ നിയമ വകുപ്പ് വ്യാപക കൃത്രിമം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടികൾ ആരംഭിച്ചത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.