കുവൈത്ത് സിറ്റി: 544 മരുന്നുകളുടെ വില കുറച്ച് കുവൈത്ത്. 544 മരുന്നുകളുടെയും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെയും വില 78.5% വരെ കുറയ്ക്കുവാനുള്ള മന്ത്രിതല തീരുമാനത്തിന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് എൽ-അവാദി അംഗീകാരം നൽകി. ആരോഗ്യ സംരക്ഷണ മേഖലയിലെ മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനും സാമ്പത്തിക കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം.
അർബുദം, ആന്റിബയോട്ടിക്കുകൾ, ആസ്ത്മ, പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, സന്ധി, ചർമ്മം, വൻകുടൽ രോഗങ്ങൾ മുതലായ രോഗങ്ങൾക്കുള്ള മരുന്നുകൾക്കാണ് വിലക്കുറവ് പ്രഖ്യാപിച്ചത്. പ്രമേഹം, ഭാര നിയന്ത്രണ കുത്തിവയ്പ്പുകൾക്കും വിലക്കുറവ് ബാധകമാണ്. വെഗോവി കുത്തിവയ്പ്പുകളുടെ വില 37.3% ഉം സാക്‌സെൻഡയുടെ വില 20.8% ഉം കുറച്ചു.
ജിസിസി രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ വിലയിൽ 144 മരുന്നുകളും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളും ഇനി മുതൽ കുവൈത്തിൽ ലഭ്യമാകും. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏകദേശം 1,188 മരുന്നുകളുടെയും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെയും വില കുറച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.