കുവൈത്ത് സിറ്റി: കുവൈത്തിലെ വിഷമദ്യ ദുരന്തത്തെ തുർന്നുള്ള മരണസംഖ്യ ഉയരുന്നു. 23 പേരാണ് വിഷമദ്യ ദുരന്തത്തെ തുടർന്ന് മരിച്ചത്. രാജ്യത്തെ വിവിധ ഭാഗങ്ങളായി 160 പേർ ചികിത്സയിൽ തുടരുന്നതായും അധികൃതർ വ്യക്തമാക്കി. ദുരന്തത്തിൽ മരണപ്പെട്ടവരും ചികിത്സയിൽ തുടരുന്നവരും ഏഷ്യൻ പൗരന്മാരാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വിഷ ബാധയേറ്റവരിൽ ഭൂരിഭാഗവും തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. വെന്റിലേറ്ററുകൾ, അടിയന്തര ഡയാലിസിസ് എന്നിവയുൾപ്പെടെ അടിയന്തര വൈദ്യസഹായം ആവശ്യമായ ഇവരുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. വിഷബാധയേറ്റതായി സംശയിക്കപ്പെടുന്ന ഏതെങ്കിലും പുതിയ സംഭവങ്ങൾ ഹോട്ട് ലെനുകൾ വഴിയോ അംഗീകൃത ആശയവിനിമയ മാർഗങ്ങൾ വഴിയോ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം നിർദ്ദേശം നൽകി.
അതേസമയം, അനധികൃത മദ്യ നിർമ്മാണ ശാലകൾക്ക് എതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം രാജ്യ വ്യാപകമായി പരിശോധന ആരംഭിച്ചു. അഹമ്മദി ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി പ്രവാസികളാണ് പിടിയിലായത്.
ആക്റ്റിങ് പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ നിർദേശത്തെ തുടർന്നായിരുന്നു നടപടി. അഹ്മദി ഗവർണറേറ്റ് കുറ്റാന്വേഷണ വിഭാഗവും അഹ്മദി മുനിസിപ്പാലിറ്റിയും ചേർന്ന സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.