കുവൈത്ത് സിറ്റി: പ്രവാസി ഡോക്ടറെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ചവർക്ക് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി. അഞ്ച് വർഷം തടവും 5,000 കുവൈത്തി ദിനാർ പിഴയുമാണ് ശിക്ഷ. സഹപ്രവർത്തകയായ ഡോക്ടർ, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ ആറു പേർക്കാണ് കുവൈത്ത് മേൽക്കോടതി ശിക്ഷ വിധിച്ചത്.
രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ, കുവൈത്തി വനിതാ ദന്ത ഡോക്ടർ, ഒരു ഇറാഖി യുവതി, ഒരു ബിദൂനി എന്നിവർക്ക് എതിരെയാണ് കേസ്. ലബനീസ് പൗരനായ ഇരയുടെ സഹപ്രവർത്തകകയായ കുവൈത്തി ഡോക്ടറാണ് സംഭവം ആസൂത്രണം ചെയ്തത്. മയക്ക് മരുന്ന് കേസിൽ കുടുക്കി ഇരയെ നാട് കടത്തണമെന്ന ഉദ്ദേശത്തോടെയായിരുന്നു കൃത്യം നടത്തിയത്. തൊഴിലിടത്തിൽ ഉണ്ടായ പകയാണ് ഇതിനു കാരണം. ഇതിനായി ഇവർ സുഹൃത്തുക്കളായ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ഏർപ്പാട് ചെയ്യുകയും ഡോക്ടറെ തട്ടിക്കൊണ്ടുപോയി അയാളുടെ വാഹനത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.
പ്രതികൾ മെഡിക്കൽ പ്രൊഫഷന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുകയും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. ഈ കേസിൽ നേരത്തെ ക്രിമിനൽ കോടതി ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഒരു ബിദൂനിക്കും എതിരെ പത്ത് വർഷം തടവ് വിധിച്ചിരുന്നു. എന്നാൽ മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥനെയും വനിതാ ദന്ത ഡോക്ടറെയും ഇറാഖി സെക്രട്ടറിയെയും കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. ഈ വിധി റദ്ദാക്കിയാണ് മേൽക്കോടതി ആറ് പ്രതികൾക്കും ശിക്ഷ വിധിച്ചത്.