കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ശക്തമായ പരിശോധനയുമായി കുവൈത്ത്. രാജ്യത്തെ റോഡുകളിൽ സുരക്ഷ വർധിപ്പിക്കുന്നതിനായും അശ്രദ്ധമായ ഡ്രൈവിംഗ് തടയുന്നതിന്റെയും ഭാഗമായി ജഹ്റ ഗവർണറേറ്റിൽ നടത്തിയ സുരക്ഷാ ക്യാമ്പെയ്നുകളിൽ നിയമലംഘനം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിച്ചതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു.
പൊതുസുരക്ഷ സംരക്ഷിക്കുന്നതിനും നിയമലംഘകരെ പിടികൂടുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 5005 ഗതാഗത നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. നിയമലംഘനം നടത്തിയ 43 വാഹനങ്ങൾ പിടിച്ചെടുത്തു. 8 പേരെ കരുതൽ തടങ്കലിൽ വെച്ചു. നിയമലംഘനം നടത്തിയ ആറു പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്തതായും അധികൃതർ വ്യക്തമാക്കി.
ഓവർടേക്ക് ചെയ്തതിനും മന:പൂർവ്വം ഗതാഗത തടസം സൃഷ്ടിച്ചതിനും 109 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. ഗതാഗത നിയമലംഘനങ്ങൾക്കെതിരെ യാതൊരു വിട്ടുവീഴ്ച്ചയുമുണ്ടാകില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.