കുവൈത്ത് സിറ്റി: അന്താരാഷ്ട്ര കള്ള നോട്ട് വിതരണ ശൃംഖലയിൽ ഉൾപ്പെട്ട 3 പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ. അറബ് പ്രവാസികളാണ് അറസ്റ്റിലായത്. ഫർവാനിയ, ഹവാലി ഗവർണറേറ്റുകളിലെ കുറ്റാന്വേഷണ വിഭാഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ വലയിലായത്. പ്രതികളിൽ ഒരാൾ 16,000 കുവൈത്തി ദിനാറിന് ഒരു ലക്ഷം അമേരിക്കൻ ഡോളർ കൈമാറിയതായി കണ്ടെത്തി.
പ്രതികളിൽ മറ്റൊരാളുടെ വീട്ടിൽ നിന്ന് ലക്ഷക്കണക്കിന് വ്യാജ യുഎസ് ഡോളറാണ് കണ്ടെത്തിയിരിക്കുന്നത്. ഒരു അറബ് രാജ്യത്ത് നിന്ന് യു എസ് ഡോളറുകൾ വ്യാജമായി നിർമ്മിച്ച് പഴങ്ങളും പച്ചക്കറികളും കൊണ്ടുപോകുന്ന ട്രക്കുകളിൽ കുവൈത്തിലേക്ക് കടത്തിവിടുകയായിരുന്നു. അനധികൃത എക്‌സ്‌ചേഞ്ച് നെറ്റ്‌വർക്കുകൾ വഴി പ്രാദേശിക വിപണിയിലേക്ക് വ്യാജ നോട്ടുകൾ വിപണനം ചെയ്യാനുള്ള പദ്ധതിയും പ്രതികൾക്കുണ്ടായിരുന്നു.







