കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യൻ പൗരന് നേരെ കൊലപാതക ശ്രമം. അൽ-ഖസർ മേഖലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം നിലവിൽ അൽ-ജഹ്റ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. അൽ-ജഹ്റ ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റ ഏഷ്യൻ പൗരനെ പ്രവേശിപ്പിച്ചതായുള്ള വിവരം ലഭിച്ചത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ തീവ്രപരിചരണ വിഭാഗത്തിലെത്തി പരിക്കേറ്റയാൾ ഇന്ത്യൻ പൗരനാണ് സ്ഥിരീകരിക്കുകയായിരുന്നു.
തനിക്ക് അറിയാവുന്ന ചില വ്യക്തികൾ ചേർന്നാണ് ആക്രമിച്ചതെന്നും, ക്രൂരമായി മർദ്ദിച്ച ശേഷം കഴുത്തറുക്കാൻ ശ്രമം നടത്തിയെന്നുമാണ് പരിക്കേറ്റയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ കൂട്ടിച്ചേർത്തു.







