കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളെ നാട് കടത്തുമെന്ന് ഭീഷണിമുഴക്കി പണം തട്ടുന്നത് പതിവാക്കിയ പോലീസ് ഉദ്യോഗസ്ഥന് ശിക്ഷ വിധിച്ച് കോടതി. 10 വർഷം കഠിന തടവും 800 ദിനാർ പിഴയുമാണ് കോടതി ഇയാൾക്ക് ശിക്ഷയായി വിധിച്ചത്. ക്രിമിനൽ കോടതി, ജഡ്ജി അബ്ദുൾവഹാബ് അൽ-മുഐലി അധ്യക്ഷനായ ബഞ്ചാണ് ശിക്ഷ വിധിച്ചത്.
തലസ്ഥാന നഗരത്തിലെ ഒരു പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഒരു സൈനിക ഉദ്യോഗസ്ഥന് എതിരെയാണ് ശിക്ഷ. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചു വിടാനും വിധിയിൽ ആവശ്യപ്പെട്ടു. വ്യാജ കുറ്റം ചുമത്തി നിരവധി പ്രവാസികളെയാണ് ഇയാൾ നാടുകടത്തിയത്. പ്രവാസികൾക്ക് എതിരെ കള്ള കേസുകൾ ചമച്ച് കൈക്കൂലി ആവശ്യപ്പെടുകയും പണം നൽകാത്തവർക്ക് എതിരെ നാട് കടത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുക എന്നതായിരുന്നു ഇയാളുടെ രീതിയെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.







