കുവൈത്ത് സിറ്റി: ബസിൽ പോക്കറ്റടി നടത്തിയ മൂന്ന് പ്രവാസികൾ കുവൈത്തിൽ പിടിയിൽ. ഫർവാനിയ ഗവർണറേറ്റിൽ ബസ് യാത്രക്കാരെ ലക്ഷ്യമിട്ട് നിരന്തരമായി കവർച്ച നടത്തിയിരുന്ന മൂന്നംഗ ബംഗ്ലാദേശി സംഘമാണ് അറസ്റ്റിലായത്. ജലീബ് അൽ-ഷുയൂഖ് പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പബ്ലിക് ട്രാൻസ്പോർട് കമ്പനിയിലെ ടിക്കറ്റ് ഇൻസ്പെക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയും, ബസുകളിൽ യാത്രക്കാരിൽ നിന്ന് പണം കവർന്ന സംഭവങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 333 കുവൈത്തി ദിനാർ പോലീസ് ഇവരിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്തു.
തുടർ നിയമ നടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി മന്ത്രാലയം അറിയിച്ചു. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും സംശയാസ്പദമായ കാര്യങ്ങൾ 112 എന്ന എമർജൻസി നമ്പറിൽ അറിയിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.







