കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ദിവസം ജയിൽ ചാടിയ മൂന്ന് തടവുകാരും പിടിയിലായി. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായ് ദിന പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അൽ-ലിയ മരുപ്രദേശത്ത് വെച്ചാണ് മൂവരും പിടിയിലായതെന്നാണ് റിപ്പോർട്ടുകൾ.
കുവൈത്ത് സെൻട്രൽ ജയിലിൽ നിന്ന് കഴിഞ്ഞ ദിവസമാണ് മൂന്ന് തടവുകാർ രക്ഷപ്പെട്ട് കടന്നു കളഞ്ഞത്. പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കാൻ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് ഉത്തരവിട്ടിരുന്നു. തടവുകാരെ പിടികൂടുന്നതിന് ആവശ്യമായ എല്ലാ നടപടികളും അതിവേഗം സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകിയിരുന്നു. ഇവർ രാജ്യത്ത് നിന്ന് പുറത്തേക്ക് കടക്കുന്നത് തടയുവാനും ഇവരുടെ വിവരങ്ങൾ രാജ്യത്തെ എല്ലാ അതിർത്തി കവാടങ്ങളിൽ കൈമാറാനും മന്ത്രി സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.








