കുവൈത്ത് സിറ്റി: കുവൈത്തിൽ ചട്ടലംഘനം നടത്തിയ മൂന്ന് ഇൻഷുറൻസ് ബ്രോക്കറേജ് സ്ഥാപനങ്ങളെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ്. 2019-ലെ ഇൻഷുറൻസ് നിയന്ത്രണ നിയമവും അതിന്റെ ഭേദഗതികളും ചട്ടങ്ങളും ലംഘിച്ച നാല് ഇൻഷുറൻസ് കമ്പനികൾക്ക് യൂണിറ്റ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പോളിസി ഉടമകളുടെയും ഉപഭോക്താക്കളുടെയും വിപണിയിലെ മറ്റ് പങ്കാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കമ്പനികൾ തങ്ങളുടെ ഭാഗത്തു നിന്നുള്ള വീഴ്ചകൾ തിരുത്തുന്നതിനും, ഭാവിയിൽ സസ്പെൻഷൻ പോലുള്ള കടുത്ത നടപടികൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് നാല് കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയത്. നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തങ്ങളുടെ മേൽനോട്ടത്തിലുള്ള എല്ലാ സ്ഥാപനങ്ങളും നിയമങ്ങൾ അനുസരിക്കണമെന്നാണ് ഐആർയു നൽകിയിരിക്കുന്ന കർശന നിർദ്ദേശം.
ഇൻഷുറൻസ് വിപണിയിൽ സുതാര്യതയും അച്ചടക്കവും ഉറപ്പാക്കുന്നതിനായി നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.






