കുവൈത്ത് സിറ്റി: അമ്മയെ കഴുത്തറുത്ത് കൊന്ന യുവാവ് കുവൈത്തിൽ അറസ്റ്റിൽ. സാദ് അൽ-അബ്ദുല്ല പ്രദേശത്താണ് സംഭവം. 75 കാരിയായ മാതാവിനെയാണ് കുവൈത്ത് പൗരനായ സ്വന്തം മകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ മാതാവിനെ മകൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ കുവൈത്ത് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ഉപയോഗിച്ച കത്തി പ്രതിയുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു. രക്തം പുരണ്ട കത്തിയാണ് പോലീസ് പ്രതിയിൽ നിന്നും കണ്ടെത്തിയത്.
കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. കൂടുതൽ നിയമ നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.