കുവൈത്ത് സിറ്റി: രാജ്യത്തെ വ്യോമാതിർത്തിയിൽ ഇന്ന് പുലർച്ചെ പ്രവേശിച്ച നാല് ഡ്രോണുകൾ വിജയകരമായി പ്രതിരോധിച്ചുവെന്ന് കുവൈത്ത് നാഷണൽ ഗാർഡ്. സുപ്രധാന മേഖലകൾക്ക് മുകളിലായി കണ്ടത്തിയ ഡ്രോണുകളെയാണ് സേന തകർത്തത്. കരസേന, പൊലീസ്, ഫയർ ഫോഴ്‌സ് എന്നിവയുമായി സഹകരിച്ച് രാജ്യത്തിന്റെ സ്ഥിരതയും സുരക്ഷയും നിലനിർത്താൻ നാഷണൽ ഗാർഡ് സജ്ജമാണെന്ന് കെ.എൻ.ജി വക്താവ് ബ്രിഗേഡിയർ ജദാൻ ഫാദിൽ വ്യക്തമാക്കി.
ഏത് തരത്തിലുള്ള വെല്ലുവിളികളെയും നേരിടാൻ സേന അതീവ ജാഗ്രതയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈത്ത് ലക്ഷ്യമാക്കിയെത്തിയ 15 ഡ്രോണുകളെയാണ് സുരക്ഷാസേന നേരിട്ടത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ആക്രമണശ്രമമുണ്ടായിരുന്നു. വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ റഡാർ സംവിധാനത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ആളപായമൊന്നും സംഭവിച്ചിട്ടില്ല.







