കുവൈത്ത് സിറ്റി: രാജ്യത്തെ വായുഗുണനിലവാരം മികച്ച രീതിയിൽ തുടരുന്നുവെന്ന് കുവൈത്ത് പരിസ്ഥിതി പബ്ലിക് അതോറിറ്റി. മലിനീകരണ സാന്ദ്രത ദേശീയ നിലവാരത്തേക്കാൾ വളരെ താഴെയാണെന്നും ആരോഗ്യപരമായ അപകടങ്ങളൊന്നും തന്നെയില്ലെന്നും അതോറിറ്റി വ്യക്തമാക്കി. അതോറിറ്റിയുടെ വായുഗുണനിലവാര പ്ലാറ്റ്‌ഫോമിൽ നിന്നുള്ള ഡാറ്റ അനുസരിച്ച് ഫഹാഹീൽ, റുമൈത്തിയ, അലി സബ അൽ സലേം, തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടെ ഒന്നിലധികം സ്‌റ്റേഷനുകളിൽ വായുമലിനീകരണം വളരെ കുറഞ്ഞ തോതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പാരിസ്ഥിതിക ഡാറ്റ ആക്‌സസ് ചെയ്യാനും തത്സമയ വായുഗുണനിലവാര സൂചകങ്ങൾ ട്രാക്ക് ചെയ്യാനും അതോറിറ്റിയുടെ പ്ലാറ്റ്‌ഫോം ഉപഭോക്താക്കളെ അനുവദിക്കുന്നുണ്ടെന്നും ഇത്, പാരിസ്ഥിതിക സാഹചര്യങ്ങളെ കുറിച്ച് താമസക്കാരെ ബോധവാന്മാരാക്കാൻ സഹായിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
നിലവിലെ കണക്കുകൾ പ്രകാരം മലിനീകരണം വളരെ കുറവാണെന്നും പൊതുജനങ്ങൾക്ക് പ്രതികൂലമായ ആരോഗ്യ പ്രത്യാഘാതങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.







