കുവൈത്ത് സിറ്റി: കുവൈത്തിൽ ടെലകമ്മ്യൂണിക്കേഷന്റെ നാല് പുതിയ സേവനങ്ങൾ ഇനി മുതൽ സഹേൽ ആപ്പ് വഴി ലഭിക്കും. ഉപയോക്താക്കൾക്ക് അവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഫോൺ നമ്പറുകളും കാണാൻ അനുവദിക്കുന്നതാണ് ഇതിൽ ഒന്നാമത്തേതെന്ന് അധികൃതർ വ്യക്തമാക്കി. സജീവമായ ഫോൺ താൽക്കാലികമായി നിർജ്ജീവമാക്കുക, സജീവമായ ഫോൺ ശാശ്വതമായി നിർജ്ജീവമാക്കുക, താൽക്കാലികമായി വിച്ഛേദിക്കപ്പെട്ട ഫോൺ വീണ്ടും സജീവമാക്കുക, താൽക്കാലികമായി വിച്ഛേദിക്കപ്പെട്ട ഫോൺ ശാശ്വതമായി നിർജ്ജീവമാക്കുക തുടങ്ങിയവയാണ് മറ്റ് സേവനങ്ങൾ.
ഈ സേവനങ്ങൾ ലഭ്യമാകുക സഹേൽ ആപ്ലിക്കേഷന്റെ ‘ടെലിഫോൺ സേവനങ്ങൾ’ വിഭാഗത്തിലെ ‘നിലവിലുള്ള ഫോണുകൾ സജീവമാക്കുക/നിർജ്ജീവമാക്കുക’ എന്ന വിഭാഗത്തിലാണ്. ഇത് വഴി സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ വരിക്കാർക്ക് അവരുടെ പേരിലുള്ള ഫോൺ നമ്പറുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.







