കുവൈത്ത് സിറ്റി: കുവൈത്തിലെ റെസിഡൻഷ്യൽ ഏരിയകളിൽ പ്രവേശിച്ച 13 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും പ്രതിരോധിച്ചതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം. പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അബ്ദുൽഅസീസ് അൽ-അത്വാൻ ആണ് ഇക്കാര്യം അറിയിച്ചത്. മിസൈലുകൾ ജനവാസ മേഖലകൾക്ക് മുകളിലായാണ് തടഞ്ഞത്. ഇതിന്റെ ഭാഗമായി ചില പ്രദേശങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിക്കുകയും ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.
ഭീഷണികളെ നേരിടുന്നതിനും ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനുമായി സായുധ സേന പ്രവർത്തന നടപടികൾ തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ കേടുപാടുകൾ സംഭവിച്ച സ്ഥലങ്ങളുടെയും മിസൈൽ അവശിഷ്ടങ്ങൾ വീണ പ്രദേശങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും പകർത്തുകയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് പൗരന്മാരോടും പ്രവാസികളോടും അധികൃതർ അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ മരിച്ച ഇന്ത്യൻ പൗരന്റെ കുടുംബത്തിന് പ്രതിരോധ മന്ത്രാലയം അനുശോചനം അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.








