കുവൈത്ത് സിറ്റി: കുട്ടികളുടെ സുരക്ഷയിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് ഫയർ ഫോഴ്‌സ്. കുട്ടികളിൽ മുങ്ങിമരണ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് കുവൈത്ത് ഫയർഫോഴ്‌സ് രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദേശങ്ങൾ നൽകിയത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പാലിക്കേണ്ട പ്രധാന മാർഗനിർദേശങ്ങൾ അധികൃതർ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് പങ്കുവെച്ചു.
കടൽത്തീരങ്ങൾ, നീന്തൽക്കുളങ്ങൾ, തടാകങ്ങൾ ഉൾപ്പെടെയുള്ള ജലാശയങ്ങൾക്ക് സമീപം കുട്ടികളെ ഒരിക്കലും ഒറ്റയ്ക്ക് വിടരുതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തങ്ങൾക്ക് വഴിവെക്കാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കുട്ടികൾ വെള്ളത്തിൽ ഇറങ്ങുന്ന ഓരോ നിമിഷവും മുതിർന്നവരുടെ നേരിട്ടുള്ളതും തുടർച്ചയായതുമായ മേൽനോട്ടം നിർബന്ധമാണ്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാൽ അപകടങ്ങൾ വലിയ തോതിൽ ഒഴിവാക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കി.
വേനൽക്കാലത്ത് ജലാശയങ്ങൾ സന്ദർശിക്കുന്ന കുടുംബങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും കുട്ടികളുടെ സുരക്ഷയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്നും കുവൈത്ത് ഫയർഫോഴ്‌സ് കൂട്ടിച്ചേർത്തു.








