കുവൈത്ത് സിറ്റി: അശ്രദ്ധമായി വാഹനമോടിക്കുകയും പൊതുസ്വത്ത് നശിപ്പിക്കുകയും ചെയ്ത ഡ്രൈവർ കുവൈത്തിൽ അറസ്റ്റിൽ. സാദ് അൽ അബ്ദുള്ള ഏരിയയിലാണ് സംഭവം. ജനറൽ ട്രാഫിക് വകുപ്പാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രത്യേക ട്രാഫിക് പരാതി വാട്ട്‌സ് ആപ്പ് നമ്പർ വഴി സമർപ്പിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്. സംഭവത്തിന്റെ വീഡിയോയും പരാതിയോടൊപ്പം ഉണ്ടായിരുന്നു. ഉടൻ തന്നെ ഒരു പട്രോളിംഗ് സംഘത്തെ സ്ഥലത്തേക്ക് അയയ്ക്കുകയും അവിടെ വെച്ച് തന്നെ ഡ്രൈവറെ പിടികൂടുകയും ചെയ്തു. വാഹനവും പിടിച്ചെടുത്തു. സ്ഥലം പരിശോധിച്ചപ്പോൾ ഡ്രൈവർ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ പൊതുസ്വത്തിന് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി. പ്രതിക്കെതിരെ നിയമ നടപടികൾഡ ആരംഭിച്ചതായും ഇയാളെ സെൻട്രൽ ജയിലിലേക്ക് മാറ്റിയിട്ടുണ്ടെന്നും വാഹനം പിടിച്ചെടുത്ത് ക്രഷറിയിലേക്ക് അയച്ചതായും അധികൃതർ വ്യക്തമാക്കി.
ഗതാഗത നിയമലംഘനങ്ങൾ സംബന്ധിച്ച വീഡിയോ 99324092 എന്ന നമ്പറിലേക്ക് വാട്ട്‌സ് ആപ്പ് വഴി അയച്ച് നൽകി റിപ്പോർട്ട് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.








