കുവൈത്ത് സിറ്റി: പുതിയ അധ്യയന വർഷം (2026/2027) ആരംഭിച്ച പശ്ചാത്തലത്തിൽ കുവൈത്തിൽ വിദ്യാലയങ്ങൾക്ക് സമീപവും പ്രധാന റോഡുകളിലും ഗതാഗത നിരീക്ഷണവും സുരക്ഷയും കർശനമാക്കി ആഭ്യന്തര മന്ത്രാലയം. ട്രാഫിക് ഡിപ്പാർട്ട്മെന്റ്, എമർജൻസി പോലീസ്, മറ്റ് സുരക്ഷാ വിഭാഗങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുള്ളത്. ഗതാഗതം സുഗമമാക്കുന്നതിനായി റെസിഡൻഷ്യൽ മേഖലകളുടെ പ്രവേശന കവാടങ്ങളിലും പുറത്തുകടക്കുന്ന ഭാഗങ്ങളിലും സ്കൂളുകൾക്ക് സമീപവും പട്രോളിംഗ് വാഹനങ്ങൾ വിന്യവിച്ചിട്ടുണ്ട്. ട്രാഫിക് ഉദ്യോഗസ്ഥരുമായി രക്ഷിതാക്കൾ പൂർണ്ണമായും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
കുട്ടികളെ നിശ്ചിത സ്ഥലങ്ങളിൽ മാത്രം ഇറക്കുക, റോഡിൽ തടസ്സമുണ്ടാക്കും വിധം അനധികൃതമായി വാഹനം പാർക്ക് ചെയ്യാതിരിക്കുക, ട്രാഫിക് നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.








