കുവൈത്ത് സിറ്റി: ഭക്ഷ്യ സുരക്ഷാ ലംഘനം കണ്ടെത്താൻ കുവൈത്തിൽ ശക്തമായ പരിശോധന. ക്യാപിറ്റൽ ഗവർണറേറ്റിൽ കുവൈത്ത് ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിൽ വ്യാപക നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. ഉപയോഗശൂന്യമായ 144.260 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി.
കേടായതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ വിൽപ്പനയ്ക്കായി പ്രദർശിപ്പിക്കുക, പൊതു ശുചിത്വ മാനദണ്ഡങ്ങളും തൊഴിൽ അന്തരീക്ഷത്തിലെ ആരോഗ്യ വ്യവസ്ഥകളും പാലിക്കാതിരിക്കുക, ഹെൽത്ത് ലൈസൻസിന്റെ കാലാവധി കഴിഞ്ഞിട്ടും സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുക തുടങ്ങിയ ലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷയും ആരോഗ്യ നിയമങ്ങളും പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നാണ് മുന്നറിയിപ്പ്. നിയമലംഘകർക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.








