കുവൈത്ത് സിറ്റി: കുവൈത്തിൽ ഭക്ഷ്യ സുരക്ഷാ പരിശോധന ശക്തമാക്കി. ഹവല്ലി ഗവർണറേറ്റിലെ വിവിധ ഭക്ഷ്യസ്ഥാപനങ്ങളിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ വ്യാപക പരിശോധനയാണ് നടന്നത്. 32 നിയമലംഘന റിപ്പോർട്ടുകൾ പരിശോധനയിൽ കണ്ടെത്തി.
ആരോഗ്യ-ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നാണ് ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥർ പരിശോധിച്ചത്. പരിശോധനയുടെ ഭാഗമായി 4 നശിപ്പിക്കൽ റിപ്പോർട്ടുകളും 2 പ്രതിജ്ഞാപത്രങ്ങളും തയ്യാറാക്കി. നിയമലംഘനവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും സ്ഥാപനങ്ങൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.
ഭക്ഷ്യസ്ഥാപനങ്ങൾ ആരോഗ്യ സുരക്ഷാ ചട്ടങ്ങളും നിബന്ധനകളും കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളുടെ ആരോഗ്യ സംരക്ഷണത്തിനുമാണ് പരിശോധനകൾ ശക്തമാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.








