കുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങൾക്ക് സമീപം വിഷസസ്യങ്ങൾ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിൽ അടിയന്തര നടപടി ഉറപ്പാക്കാൻ യോഗം ചേർന്ന് കുവൈത്ത് പരിസ്ഥിതി പബ്ലിക് അതോറിറ്റി. കുവൈത്ത് വിഷബാധ നിരീക്ഷണ കേന്ദ്രവുമായി ചേർന്നാണ് അതോറിറ്റി ഏകോപന യോഗം നടത്തിയത്. യോഗത്തിൽ വിഷബാധ നിരീക്ഷണ കേന്ദ്രം ഡയറക്ടർ അബ്ദുൽ ലത്തീഫ് അൽ ഔമിയും പരിസ്ഥിതി അതോറിറ്റിയുടെ ജൈവവൈവിധ്യ വിഭാഗം പ്രതിനിധികളും പങ്കുചേർന്നു.
വിഷസസ്യങ്ങളെക്കുറിച്ച് ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ, വിവിധ വകുപ്പുകൾ തമ്മിലുള്ള വിവര കൈമാറ്റം, ഏകോപനം തുടങ്ങിയവയാണ് യോഗത്തിൽ ചർച്ചാ വിഷയമായത്. പരാതികളിൽ വേഗത്തിൽ പ്രതികരിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നിശ്ചയിക്കാനും യോഗത്തിൽ തീരുമാനിച്ചു. പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഉണ്ടാകാനിടയുള്ള അപകടസാധ്യതകൾ കുറയ്ക്കുന്നതിനായി വിഷസസ്യങ്ങൾ കണ്ടെത്തുന്ന സ്ഥലങ്ങൾ നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുവാൻ യോഗത്തിൽ തീരുമാനിച്ചു.








