കുവൈത്ത് സിറ്റി: കുവൈത്തിൽ ഫൈവ് സ്റ്റാർ ഹോട്ടലിൽ റെയ്ഡ്. ക്യാപിറ്റൽ ഗവർണറേറ്റിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 17 പേർ അറസ്റ്റിലായി. ഹോട്ടൽ മുറിയിൽ നിന്ന് അമിതമായ ശബ്ദവും ബഹളവും കേൾക്കുന്നുവെന്ന് ലഭിച്ച പരാതിയെ തുടർന്നാണ് ക്യാപിറ്റൽ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ പെട്രോൾ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. പരിശോധനയിൽ മുറിക്കുള്ളിൽ അതിരൂക്ഷമായ ശബ്ദത്തിൽ സംഗീതം വെച്ച് ആഘോഷങ്ങളിൽ ഏർപ്പെട്ടിരുന്നവരെ കണ്ടെത്തി. സ്ത്രീകളുടെ നൃത്ത വേഷങ്ങൾ ധരിച്ച നിലയിലുള്ള അഞ്ച് പുരുഷന്മാരും ഇതിൽ ഉൾപ്പെടുന്നുണ്ടെന്നും, മറ്റു ചിലർ ലഹരിയിലായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.
റെയ്ഡിനിടയിൽ അഞ്ച് പേർ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടെന്നും എന്നാൽ ഇവരെ പോലീസ് തിരിച്ചറിഞ്ഞെന്നും ഇവർക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കിയതായും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പിടിയിലായ 17 പേരുടെയും പേരുകളുടെ ആദ്യാക്ഷരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ഇവരുടെ കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് പൂർണ്ണമായ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. പരിശോധനയിൽ അറസ്റ്റിലായവരിൽ വലിയൊരു വിഭാഗം ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും മറ്റ് സർക്കാർ വകുപ്പുകളിലെ ജീവനക്കാരുമാണെന്ന് വ്യക്തമായിട്ടുണ്ട്.






