കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മദ്യവേട്ട. റിഹാബ് പ്രദേശത്തെ ഒരു റെസിഡൻഷ്യൽ വീട്ടിൽ നിന്നും 7500 ലിറ്റർ മദ്യം പിടിച്ചെടുത്തു. വീട്ടിൽ മദ്യം നിർമ്മിച്ച് വിറ്റഴിച്ചിരുന്ന ക്രിമിനൽ ശൃംഖലയെയാണ് കുവൈത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റ് പൊളിച്ചുമാറ്റിയത്. അന്വേഷണത്തിന്റെയും ഫീൽഡ് നിരീക്ഷണത്തിന്റെയും തുടർച്ചയായി നടത്തിയ റെയ്ഡിലാണ് അധികൃതർ മദ്യ ശംഖല തകർത്തത്.
റെയ്ഡിനിടെ 25 ലിറ്റർ ശേഷിയുള്ള ഏകദേശം 300 കണ്ടെയ്‌നർ മദ്യം അധികൃതർ കണ്ടെത്തി. മൂന്ന് നിലകളുള്ള വീട് മുഴുവൻ മദ്യ നിർമ്മാണത്തിന് ഉപയോഗിക്കുകയായിരുന്നുവെന്നും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. മദ്യം ഉത്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ഒരു കേന്ദ്രമാക്കി ഇവർ വീടിനെ മാറ്റുകയായിരുന്നു.
അതേസമയം, റെയ്ഡിനിടെ അപകടകരവും തീപിടിക്കുന്നതുമായ വസ്തുക്കളും വീടിനുള്ളിൽ നിന്നും കണ്ടെടുത്തു. ഇത് അയൽപക്ക വീടുകൾക്കുൾപ്പെടെ അപകടമുണ്ടാക്കുന്ന തരത്തിലായിരുന്നു. അപകടസാധ്യതകൾ കണക്കിലെടുത്ത് സ്ഥലം സുരക്ഷിതമാക്കുന്നതിനും കത്തുന്ന വസ്തുക്കൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും അധികൃതർ ജനറൽ ഫയർഫോഴ്‌സുമായി ഏകോപിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്. പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായും ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും അധികൃതർ കൂട്ടിച്ചേർത്തു.








