കുവൈത്ത് സിറ്റി: കുവൈത്തിൽ 3,000 ദിനാറിൽ താഴെയുള്ള പണം നിക്ഷേപങ്ങളും ബാങ്ക് ട്രാൻസ്ഫറുകളും നിരീക്ഷിക്കുന്നതിന് പുതിയ മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്താൻ നിർദ്ദേശം. സെൻട്രൽ ബാങ്കാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിരീക്ഷണം ശക്തമാക്കുന്നത്.
നിലവിൽ ഒരു ഉപഭോക്താവിന്റെ അക്കൗണ്ടിൽ ഒരു ദിവസം നടത്തുന്ന 3,000 ദിനാറോ അതിൽ കൂടുതലോ ഉള്ള പണനിക്ഷേപങ്ങളും കുവൈത്തിലേക്ക് എത്തുന്ന ബാങ്ക് ട്രാൻസ്ഫറുകളുമാണ് പ്രത്യേക റിപ്പോർട്ടിങ് സംവിധാനമായ TRSൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഈ പരിധിയിൽ താഴെയുള്ള ഇടപാടുകളും ഇനി നിരീക്ഷണ പരിധിയിൽ വരും. ഒറ്റത്തവണ നടത്തുന്ന ഇടപാടുകളുടെ തുക 3,000 ദിനാറിൽ താഴെയാണെങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ ആവർത്തിച്ച് പണം നിക്ഷേപിക്കുകയോ കൈമാറ്റം നടത്തുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ബാങ്കുകൾ പ്രത്യേക ജാഗ്രത പുലർത്തണം.
റിപ്പോർട്ടിങ് പരിധി ഒഴിവാക്കുന്നതിനായി ഇടപാടുകൾ ചെറിയ തുകകളായി വിഭജിക്കുന്ന പ്രവണത കണ്ടെത്തുന്നതിനാണ് പുതിയ നടപടി. ഇത്തരം ഇടപാടുകളുടെ ആകെ തുക, ആവർത്തന സ്വഭാവം, ഇടപാടുകൾ നടക്കുന്ന സമയപരിധി എന്നിവ വിലയിരുത്തി സംശയകരമായ ഇടപാടുകൾ കണ്ടെത്താൻ സെൻട്രൽ ബാങ്ക് എല്ലാ ബാങ്കുകളോടും നിർദ്ദേശിച്ചു.
പുതിയ നിർദേശത്തിന്റെ ഭാഗമായി ബാങ്കുകളിലെ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ വിഭാഗങ്ങൾ, കംപ്ലയൻസ് വിഭാഗങ്ങൾ, ആഭ്യന്തര നിയന്ത്രണ വിഭാഗങ്ങൾ എന്നിവ പുതിയ റിപ്പോർട്ടിങ് സംവിധാനത്തിനുള്ള ക്രമീകരണങ്ങൾ പരിശോധിച്ചുവരികയാണ്. ഇടപാടുകളുടെ സ്വഭാവവും അസാധാരണമായ സാമ്പത്തിക പ്രവണതകളും വിശകലനം ചെയ്യുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.








