കുവൈത്ത്: കുവൈത്തിൽ പ്രവാസികളുടെ ബയോ മെട്രിക് പരിശോധന കർശനമാക്കുന്നു. നിലവിൽ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ബയോ മെട്രിക് പരിശോധന പൂർത്തിയാക്കൽ നിർബന്ധമില്ല. എന്നാൽ വരും മാസങ്ങളിൽ രാജ്യത്ത് നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് ബയോ മെട്രിക് പരിശോധന പൂർത്തിയാക്കൽ നിർബന്ധമാക്കുവാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ട് ഉണ്ട്.
ഇതിന് മുന്നോടിയായി രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ വിദേശികളുടെയും ബയോ മെട്രിക് പരിശോധന പരമാവധി വിമാന താവളത്തിൽ വെച്ച് തന്നെ പൂർത്തിയാക്കുവാൻ മന്ത്രാലയം ഉദ്യോഗസ്ഥകർക്ക് നിർദേശം നൽകി. എന്നാൽ തിരക്കേറിയ സമയങ്ങളിൽ വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം കണക്കാക്കി അമിതമായ തിരക്ക് ഉണ്ടെങ്കിൽ ഇതിൽ നിന്ന് ഇളവ് നൽകുവാനും വിമാനത്താവളത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അധികാരം നൽകിയിട്ടുണ്ട്.
അതേസമയം രാജ്യത്ത് ബയോ മെട്രിക് പരിശോധന സംവിധാനം ഏർപ്പെടുത്തിയ ശേഷം ഇതിനകം പരിശോധന പൂർത്തിയാക്കിയവരുടെ എണ്ണം പത്ത് ലക്ഷത്തോളമായി. മധ്യ വേനൽ അവധി കഴിഞ്ഞ ശേഷം ബയോ മെട്രിക് പരിശോധന കർശനമാക്കുവാനാണ് മന്ത്രാലയം ആലോചിക്കുന്നത്. എങ്കിൽ ഈ വർഷാവസാനത്തോടെ മുക്കാൽ ഭാഗം പേരുടെയെങ്കിലും പരിശോധന പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.