കുവൈത്ത് സിറ്റി : കുവൈത്തിൽ സിവിൽ ഐ. ഡി. കാർഡ് വിതരണം ചെയ്യുന്ന മെഷിനുകളിൽ എൺപതിനായിരത്തോളം കാർഡുകൾ ഡെലിവറി ചെയ്യാനാകാതെ കെട്ടികിടക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത്. സിവിൽ ഐ. ഡി. കാർഡുകൾ ഹോം ഡെലിവറി ചെയ്യുന്ന കരാർ കമ്പനിയുടെ കാലാവധി രണ്ട് മാസം മുമ്പ് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കാർഡ് വിതരണം തടസ്സപ്പെട്ടത്. ഇത് സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നതോടെ കരാർ അടിസ്‌ഥാനത്തിൽ ഹോം ഡെലിവറി സേവനത്തിനുള്ള ടെണ്ടർ ക്ഷണിച്ചിരുന്നു. ഈ മാസം 23 ആണ് ടെണ്ടർ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി. എന്നാൽ ഡെലിവറി സേവനങ്ങൾക്കുള്ള നിരക്ക് നിർണ്ണയിക്കാനുള്ള അവകാശം കരാർ കമ്പനിക്ക് നൽകാനാണ് അധികൃതർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഡെലിവറി ചാർജ് നിരക്കിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന.