കുവൈത്ത്: പ്രളയത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായ ചൈനക്ക് കുവൈത്ത് പിന്തുണ അറിയിച്ചു. സംഭവത്തിൽ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് അനുശോചന സന്ദേശം അയച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രകൃതിദുരന്തത്തിന്റെ അനന്തരഫലങ്ങളിൽ നിന്ന് ചൈനക്ക് എളുപ്പത്തിൽ മറികടക്കാനാകട്ടെ എന്നും അമീർ സന്ദേശത്തിൽ വ്യക്തമാക്കി.
സംഭവത്തിൽ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ദുഖവും വേദനയും രേഖപ്പെടുത്തി. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹും അനുശോചനം അറിയിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് സന്ദേശം അയച്ചു.
ചൈനയിലെ ബെയ്ജിങ്ങിൽ കനത്ത മഴയിൽ 11 പേർ മരിക്കുകയും 13 പേരെ കാണാതാവുകയും ചെയ്തുവെന്നാണ് ലഭ്യമാകുന്ന വിവരം. നഗരത്തിലെ 50,000 ത്തിലധികം ആളുകളെ ഒഴിപ്പിക്കേണ്ടിവന്നു. കനത്തമഴയിൽ ബെയ്ജിങ്ങിലെ രണ്ട് വിമാനത്താവളങ്ങളിൽ ചൊവ്വാഴ്ച 400 ഓളം വിമാനങ്ങൾ റദ്ദാക്കുകയും നൂറുകണക്കിന് വിമാനങ്ങൾ വൈകുകയും ചെയ്തിരുന്നു.