കുവൈത്തിൽ ഈ മാസത്തോടെ ചൂടിന്റെ കാഠിന്യം അവസാനിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. വേനൽ കാലത്തെ അവസാന സീസണായ ക്ലെബിൻ സീസണോടെയാണ് കാഠിനമായ ചൂട് അവസാനിക്കുക. ഈ സീസണിന്റെ പ്രത്യേകത സൂര്യ കിരണങ്ങളിൽ നിന്നുള്ള തീവ്രമായ ചൂടാണ്. അതേസമയം അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കുമെന്നും കാലാവസ്ഥ കേന്ദ്രം പറഞ്ഞു.
തെക്ക്, തെക്കുകിഴക്കൻ കാറ്റ് വീശുന്നതോടെ അന്തരീക്ഷ താപനിലയിലും കുറവുണ്ടാകും. ക്ലെബിൻ സീസൺ 13 ദിവസം നീണ്ടുനിൽക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ പല ഭാഗങ്ങളിലും കഴിഞ്ഞദിവസങ്ങളിൽ അന്തരീക്ഷ താപനില 50 ഡിഗ്രി സെൽഷ്യസ് റിപ്പോർട്ട് ചെയ്തിരുന്നു. സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന സാഹചര്യം ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ മുൻകരുതലുകളെടുക്കണമെന്ന് പൊതു ജനങ്ങൾക്ക് അധികൃതർ നിർദേശം നൽകി.