കുവൈത്ത്: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് ബയോമെട്രിക് വിവരങ്ങൾ നല്കാൻ ബാക്കിയുള്ള സ്വദേശികളും വിദേശികളും ഉടൻ ആ നടപടികൾ പൂർത്തീകരിക്കാൻ മുന്നോട്ടുവരണമെന്ന് പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് ആവശ്യപ്പെട്ടു.
അതേസമയം രോഗങ്ങളും പ്രായാധിക്യവും മൂലം നിശ്ചിത കേന്ദ്രങ്ങളിലെത്തി നടപടികൾ പൂർത്തീകരിക്കാൻ സാധിക്കാത്ത സ്വദേശികളുടെ വീടുകളിലെത്തി ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുമെന്ന് മന്ത്രി പറഞ്ഞു .അവശത കാരണം പുറത്തിറങ്ങുന്നതിന് തടസ്സം നേരിടുകയും അതിനാൽ ഈ നടപടി പൂർത്തീകരിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനുവേണ്ടിയാണിതെന്ന് മന്ത്രി വ്യക്തമാക്കി.
ഇത്തരം ആളുകളുടെ വീടുകളിലെത്തി ബയോമെട്രിക് ശേഖരിക്കുന്നതിന് ആവശ്യമായ ഉപകരണ സംവിധാനങ്ങൾ ലഭ്യമാക്കാൻ ബന്ധപ്പെട്ട ഡിപ്പാർട്‌മെന്റുകൾക്ക് നിർദേശം നൽകിയിട്ടുണ്ട് .ബയോമെട്രിക് പരിശോധനക്ക് വിധേയമാകാത്ത സ്വദേശികൾക്കും വിദേശികൾക്കും ഇത് പൂർത്തിയാക്കുന്നതിന് മാർച്ച് മുതൽ മെയ് അവസാനം വരെ മൂന്നു മാസമാണ് സമയം അനുവദിച്ചത്. ഇതിനുള്ളിൽ വിവരങ്ങൾ നല്കാത്ത വിദേശികളുടെ റെസിഡൻസി , വാഹന രജിസ്ട്രേഷൻ , ഡ്രൈവിംഗ് ലൈസൻസ്, മുതലായവ പുതുക്കുന്നതും മറ്റ് ഇടപാടുകൾ എല്ലാം നിർത്തിവെക്കുമെന്നും അധികൃധർ മുന്നറിയിപ്പ് നൽകിയതാണ് . ഈ നടപടിക്ക് ഇനിയും വിധേയമാകാൻ ബാക്കുള്ളവരിൽ അധികവും വിദേശികളാണെന്നാണ് കണ്ടെത്തൽ. 90 ദിവസ കലാപരിധിയിൽ 40 ദിവസം ഇതിനകം പിന്നിട്ടു. വിവിധ ഗൾഫ് രാജ്യങ്ങളുമായി ബയോമെട്രിക് വിവരങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന നടപടികൾ ഉടൻ പ്രാബല്യത്തിലാക്കാനും തീരുമാനമുണ്ട് . നിശ്ചിത സമയ പരിധി അവസാനിക്കുന്നതോടെ അതിർത്തി കവാടങ്ങളിൽ വെച്ചുതന്നെ യാത്രക്കാരിൽനിന്ന് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാനും അതിന് തയാറാകാത്തവരെ തിരിച്ചയക്കാനുമാണ് പുതിയ തീരുമാനം.