കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത പാർട്ടി നടത്തിയവർ അറസ്റ്റിൽ. സാൽമിയിലെ ഗെയിംസ് ആൻഡ് എന്റർടെയ്ൻമെന്റ് സെന്ററിൽ അനുവാദമില്ലാതെ പാർട്ടി നടത്തിയവരാണ് അറസ്റ്റിലായത്. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
പാർട്ടിയിൽ പങ്കെടുത്തവരെയും സംഘാടകരെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഔദ്യോഗിക അനുമതിയില്ലാതെ പാർട്ടി നടക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് മേഖല പോലീസ് നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പാർട്ടി നടക്കുന്ന വേദി കണ്ടെത്തിയത്. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് ഡി.ജെ ഉപകരണങ്ങൾ, അലങ്കാരങ്ങൾ, ഉച്ചഭാഷിണി എന്നിവ പിടിച്ചെടുത്തുവെന്നും അധികൃതർ വിശദീകരിച്ചു.
അറസ്റ്റിലായവരെ തുടർനടപടികൾക്കായി ബന്ധപ്പെടവർക്ക് കൈമാറി. രാജ്യത്തെ സുരക്ഷയും സമാധാനവും നിലനിർത്താൻ ആവശ്യമായ പരിശോധനകൾ തുടരുമെന്നും സംശയാസ്പദമായ ഒത്തുചേരലുകൾ കണ്ടെത്തിയാൽ അധികൃതരെ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.