കുവൈത്ത് സിറ്റി: സൈബർ തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി കുവൈത്ത് സിട്ര. കുവൈത്തിൽ ഇന്റർനെറ്റ്, മൊബൈൽ ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള സൈബർ തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) രംഗത്തെത്തിയത്.
കഴിഞ്ഞ ജൂലൈ മാസത്തിൽ മാത്രം സംശയാസ്പദമായ സന്ദേശങ്ങൾ, വ്യാജ ലിങ്കുകൾ, തട്ടിപ്പ് ഫോൺ കോളുകൾ എന്നിവയുമായി ബന്ധപ്പെട്ട് 156 പരാതികൾ ലഭിച്ചതായി സിട്ര വ്യക്തമാക്കി. വ്യാജ വെബ്‌സൈറ്റുകൾ വഴിയുള്ള തട്ടിപ്പുകളിലാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 54 കേസുകളാണ് ഈ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്തത്. 52 പരാതികളോടെ തട്ടിപ്പ് ഫോൺ കോളുകളും 26 പരാതികളുമായി വാട്‌സ്ആപ്പ് വഴിയുള്ള തട്ടിപ്പുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കേന്ദ്രീകരിച്ച് നടന്ന 24 തട്ടിപ്പുകളും റിപ്പോർട്ട് ചെയ്തു.
ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് സിട്ര നൽകുന്ന മുന്നറിയിപ്പ്. തട്ടിപ്പുകാരെ കണ്ടെത്താനും സൈബർ കുറ്റകൃത്യങ്ങൾ തടയാനും ഇത്തരം ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. അജ്ഞാതരോ വിശ്വസിക്കാൻ കൊള്ളാത്തതോ ആയ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വ്യക്തിഗത, സാമ്പത്തിക, ബാങ്കിംഗ് വിവരങ്ങൾ യാതൊരു കാരണവശാലും കൈമാറരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു.








