കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശികളുടെ അവകാശങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ കുവൈത്ത് അമീർ സർക്കാർ അധികാരികൾക്ക് നിർദ്ദേശം നൽകി. കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് വ്യക്തമാക്കി. വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കെതിരെ നിയമപരമായി ഉൾപ്പെടെ കർശന നടപടി സ്വീകരിക്കാൻ അമീറിൽ നിന്ന് വ്യക്തമായ നിർദേശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് പാലിക്കപ്പെടും. എന്ത് കാരണമായാലും ജീവനക്കാരുടെ ശമ്പളം നൽകാതിരിക്കുന്നതിന് ഒരു ന്യായീകരണവുമില്ലെന്ന് മന്ത്രി പറഞ്ഞു.
യൂണിവേഴ്സിറ്റി ബിരുദമില്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികളുടെ റെസിഡൻസി പുതുക്കുന്നതിന് അമിതമായ ഫീസ് നൽകണമെന്ന വ്യവസ്ഥ കുവൈത്തിന്റെ മാനുഷിക മുഖത്തിന് ഏറ്റ കറയാണന്ന് ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് പറഞ്ഞു. 2021-ജനുവരിയിലാണ് ഇത്തരമൊരു തീരുമാനം മന്ത്രാലയം സ്വീകരിച്ചത്.
കുവൈത്തിൽ ജനിച്ച വിദേശികളുണ്ട്. അത്പോലെ ജീവിതത്തിന്റെ പകുതിയിലധികം ഇവിടെ ചെലവഴിച്ചവരുമുണ്ട്. അവരോട് നാം നീതി പുലർത്തണം, അവരുടെ സേവനത്തെ അഭിനന്ദിക്കണം, അവരുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിച്ച് രാജ്യത്ത് തുടരാൻ അനുവദിക്കണമെന്ന നിലപാടാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.