കുവൈത്ത് സിറ്റി: ഗൂഗിൾ ക്ലൗഡിന് ശേഷം വിവര സാങ്കേതിക രംഗത്തെ ആഗോള ഭീമൻ കമ്പനിയായ മൈക്രോസോഫ്റ്റും കുവൈത്തിൽ ആസ്ഥാനം സ്ഥാപിക്കുന്നു. ഇതിനായി കുവൈത്ത് ഡയറക്റ്റ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അധികൃതർ അംഗീകാരം നൽകിയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
കുവൈത്തിലെ ഡിജിറ്റൽ പരിവർത്തന രംഗത്തെ മാറ്റങ്ങൾക്കും ഈ രംഗത്ത് ആഗോള വൈദഗ്ധ്യത്തിന്റെ പ്രയോജനം നേടുന്നതിനുമുള്ള സർക്കാർ നയത്തിന്റെ ഭാഗമായാണ് തീരുമാനം. ഒരു മില്യൺ ദിനാറിന്റെ മൂലധനത്തിൽ ഒരു ലക്ഷം ഷെയറുകളായാണ് നിക്ഷേപം വിഭജിക്കപ്പെട്ടിരിക്കുന്നത്. 30 വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് കമ്പനിക്ക് പ്രവർത്തനം അനുവദിച്ചിരിക്കുന്നത്. ഇരുകക്ഷികളുടെയും അടിസ്ഥാനത്തിൽ കരാർ നീട്ടാവുന്നതാണ്.
കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് പ്രവർത്തനങ്ങൾ, ഡാറ്റ പ്രോസസ്സിംഗ് വെബ്സൈറ്റ് ഹോസ്റ്റിംഗ്, കമ്പ്യൂട്ടർ വൈദഗ്ദ്യ പരിശീലനം, കമ്പ്യൂട്ടർ സാങ്കേതിക സേവനങ്ങൾ മുതലായ സേവനങ്ങളാണ് മൈക്രോ സോഫ്റ്റ് കുവൈത്തിൽ നടത്തുക. ആഗോള തലത്തിൽ സാങ്കേതിക രംഗത്ത് വൈദഗ്ധ്യം നേടുന്നതിനും രാജ്യത്തെ വാണിജ്യ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥയിൽ വിപുലമായ മാറ്റം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ട് കൊണ്ട് നടത്തുന്ന വികസന പദ്ധതികളുടെ ഭാഗമായാണ് മൈക്രോസോഫ്റ്റിന്റെ കുവൈത്തിലേക്കുള്ള പ്രവേശനം.