കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃതമായി ഫണ്ട് സ്വരൂപിച്ച പ്രവാസികൾ അറസ്റ്റിൽ. ആവശ്യമായ ലൈസൻസ് നേടാതെ സംഭാവനകൾ ശേഖരിച്ച രണ്ട് സുഡാനി പൗരന്മാരാണ് അറസ്റ്റിലായത്. മുബാധര എന്ന പേരിൽ ഒരു ഫണ്ട് റൈസിംഗ് ക്യാമ്പയിൻ ഇരുവരും ആരംഭിച്ചിരുന്നു. ഇത് രാജ്യത്തെ ചാരിറ്റബിൾ നിയമങ്ങൾ ലംഘിക്കുന്നുവെന്ന് അധികൃതർ കണ്ടെത്തി. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്.
പ്രതികളിൽ ഒരാളുടെ കൈവശം മയക്കുമരുന്ന് സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കളെയും പ്രതികളെയും നടപടിക്രമങ്ങൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയിരിക്കുകയാണ്. ലൈസൻസ് ഇല്ലാതെ പണം ശേഖരിക്കൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയ്‌ക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമങ്ങൾ പാലിക്കണമെന്നും സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിൽ നിന്നുള്ള സംരംഭങ്ങളിൽ ഏർപ്പെടുകയോ അത്തരക്കാരെ പിന്തുണയോ ചെയ്യുന്നത് ഒഴിവാക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.