കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനങ്ങളുടെ നിറം മാറ്റുന്നതിനായുള്ള പുതിയ നടപടിക്രമങ്ങൾ വിശദീകരിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഗതാഗത വിഭാഗമാണ് പുതിയ അറിയിപ്പ് പുറത്തിറക്കിയത്. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് ഒഴിവാക്കാൻ, താഴെ പറയുന്ന അഞ്ച് ഘട്ടങ്ങളിലൂടെ മാത്രമേ വാഹനങ്ങളുടെ നിറം മാറ്റം നടത്താൻ പാടുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.
ആദ്യം ടെക്നിക്കൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിലെ സ്റ്റാൻഡേർഡ്സ് സെക്ഷനെ സമീപിച്ച ശേഷം വാഹനത്തിന്റെ നിറം മാറ്റുന്നതിനുള്ള അപേക്ഷാ ഫോമിന് അംഗീകാരം നേടണം.
നിറം മാറ്റുന്നത് സംബന്ധിച്ചുള്ള നിബന്ധനകൾ പാലിക്കാമെന്ന് ഉടമ സത്യവാങ്ങ് മൂലം നൽകണം.
അംഗീകാരം ലഭിച്ചശേഷം, വാഹനം പെയിന്റ് ചെയ്യുന്നതിനായി ലൈസൻസുള്ള ഒരു വർക്ക്ഷോപ്പിനെ സമീപിക്കുക.
നിറം മാറ്റിയ ശേഷം, വീണ്ടും സ്റ്റാൻഡേർഡ്സ് സെക്ഷനിൽ എത്തിച്ചേർന്ന് പുതിയ നിറത്തിന് ഔദ്യോഗിക അംഗീകാരം വാങ്ങണം.
അവസാനമായി, വാഹനത്തിന്റെ പുതിയ നിറം രേഖപ്പെടുത്തിയ പുതിയ റെജിസ്ട്രേഷൻ ബുക്ക് ലഭിക്കുന്നതിനായി വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റിനെ സമീപിക്കണം. ട്രാഫിക് അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ വാഹനത്തിന്റെ നിറം മാറ്റുന്നത് നിയമലംഘനമാണെന്നും, ഇത് ശ്രദ്ധയിൽപ്പെട്ടാൽ കനത്ത പിഴ ചുമത്തുമെന്നും ട്രാഫിക് വിഭാഗം കൂട്ടിച്ചേർത്തു.