കുവൈത്ത് സിറ്റി: കുവൈത്തിൽ 13 പേരുടെ മരണത്തിന് കാരണമായ വിഷ മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് പ്രവാസികൾ അറസ്റ്റിലായതായി റിപ്പോർട്ട്. ഏഷ്യക്കാരായ പ്രവാസികളാണ് അറസ്റ്റിലായതെന്നാണ് വിവരം. ജിലീബ് അൽ ശുയൂഖ് ബ്ലോക്ക് 4 ൽ പ്രവർത്തിക്കുന്ന മദ്യ നിർമ്മാണ കേന്ദ്രത്തിന്റെ നടത്തിപ്പുകാരാണ് അറസ്റ്റിലായതെന്നാണ് റിപ്പോർട്ടുകൾ.
വിഷമദ്യ ദുരന്തത്തെ തുടർന്ന് 40 ഇന്ത്യൻ പ്രവാസികളാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. ഇവരുടെ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഈ നിർമ്മാണ കേന്ദ്രത്തിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മദ്യം വിതരണം ചെയ്തവരുടെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് മെഥനോൾ കലർന്ന പാനീയങ്ങൾ കഴിച്ചതിന്റെ ഫലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 63 പേർക്ക് വിഷബാധയേറ്റത്. 21 പേർക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തിട്ടുണ്ട്.