കുവൈത്ത് സിറ്റി: കുവൈത്ത് പൗരത്വം റദ്ദാക്കിയവരെ ഇനി സർക്കാർ ജോലികളിൽ അനുവദിക്കില്ല. കുവൈത്ത് സിവിൽ സർവീസ് ബ്യൂറോയാണ് ഇക്കാര്യം അറിയിച്ചത്.
പൗരത്വം നേടിയതുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ, കള്ളത്തരങ്ങൾ തെളിഞ്ഞ കേസുകൾ എന്നിവയുടെ പശ്ചാത്തലത്തിലാണ് നടപടി. പൗരത്വം റദ്ദാക്കപ്പെട്ടവരുടെ ഔദ്യോഗിക പട്ടിക എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും കൈമാറിയിരിക്കുകയാണ് സിവിൽ സർവീസ് ബ്യൂറോ. കുവൈത്ത് പൗരത്വ നിയമത്തിലെ ആർട്ടിക്കിൾ 21 (ബിസ്) പ്രകാരമാണ് നടപടി. പൗരത്വം റദ്ദാക്കിയവരുമായി ബന്ധപ്പെട്ട കേസുകളുടെ നിയമപരവും ഔദ്യോഗികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ അധികൃതർ നിർണയിക്കും വരെ വിലക്ക് തുടരുമെന്നും അറിയിപ്പിലുണ്ട്.
ഈ വ്യക്തികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ബ്യൂറോ ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.