കുവൈത്ത് സിറ്റി: കുവൈത്തിൽ വീടുകളും ജം ഇയ്യകളിലും കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തെ അറസ്റ്റ് ചെയ്ത് കുവൈത്ത് കുറ്റാന്വേഷണ വിഭാഗം. സുലൈബിയ ജം ഇയ്യയിലെ ഒരു ശാഖയിൽ മുഖം മൂടി ധരിച്ച് പണം കവർച്ച നടത്തിയെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
പ്രതികൾ കവർച്ചയ്ക്ക് ഉപയോഗിച്ച മുഖംമൂടി സുലൈബിയ പ്രദേശത്തെ ഒരു വീടിന്റെ മേൽക്കൂരയിൽ നിന്ന് കണ്ടെത്തി. സമാനമായ രീതിയിൽ പല മോഷണങ്ങളും പ്രതികൾ നടത്തിയിട്ടുണ്ട്. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.







