കുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനായി ശക്തമായ പരിശോധനയുമായി കുവൈത്ത്. ഫർവാനിയ ഗവർണറേറ്റ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധയിൽ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയ 195.2 കിലോഗ്രാം ഇറച്ചി പിടിച്ചെടുത്ത് നശിപ്പിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനം കണ്ടെത്തുന്നതിനും വേണ്ടിയാണ് ഫർവാനിയ ഗവർണറേറ്റ് കേന്ദ്രീകരിച്ച് ഭക്ഷ്യ-പോഷകാഹാര അതോറിറ്റി വ്യാപക പരിശോധന നടത്തിയത്.
ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ച നിരവധി സ്ഥാപനങ്ങൾക്കും ജീവനക്കാർക്കുമെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. മായം ചേർത്തതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷണം വിൽപന നടത്തിയതിന് ഒരു കേസ് രജിസ്റ്റർ ചെയ്തു. സാധുതയുള്ള ഹെൽത്ത് സർട്ടിഫിക്കറ്റ് ഇല്ലാതെ ജോലി ചെയ്ത രണ്ട് ജീവനക്കാർക്കെതിരെയും, ഹെൽത്ത് സർട്ടിഫിക്കറ്റില്ലാത്ത ആളുകളെ ജോലിക്ക് നിർത്തിയ രണ്ട് തൊഴിലുടമകൾക്കെതിരെയും കേസ് എടുത്തതായും അധികൃതർ അറിയിച്ചു.
വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.








