കുവൈത്ത് സിറ്റി: കുവൈത്തിൽ ഡീസൽ മോഷണ കേസുമായി ബന്ധപ്പെട്ട് നാല് ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ. ജാബർ അൽ അഹമ്മദിൽ ടെലികമ്യൂണിക്കേഷൻ ടവറുകൾക്ക് കേടുപാടുകൾ വരുത്തുകയും ഡീസൽ മോഷ്ടിക്കുകയും ചെയ്ത കേസിൽ നാല് ഇന്ത്യൻ പ്രവാസികൾ അറസ്റ്റിലായത്. പ്രദേശത്ത് രജിസ്റ്റർ ചെയ്ത നാല് പ്രധാന മോഷണക്കേസുകൾക്ക് ഇവരുടെ അറസ്റ്റോടെ തെളിവ് ലഭിച്ചതായി അധികൃതർ വ്യക്തമാക്കി. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലെ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റാണ് പ്രതികളെ പിടികൂടിയത്.
ആധുനിക സാങ്കേതിക സംവിധാനങ്ങളും ടെലികോം ടവറുകൾ കേന്ദ്രീകരിച്ചുള്ള പ്രത്യേക നിരീക്ഷണവും ഉപയോഗിച്ചാണ് അന്വേഷണം നടത്തിയത്. അറസ്റ്റിലായ നാലുപേരും ടെലികോം ടവറുകളുടെ പരിപാലന കരാർ ഏറ്റെടുത്ത കമ്പനിയിലെ ജീവനക്കാരാണ്. ഔദ്യോഗിക ചുമതലകളും സ്ഥാനവും ദുരുപയോഗം ചെയ്താണ് ഇവർ മോഷണം നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ ചൂണ്ടിക്കാട്ടി.
ടവറുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഡീസലിന്റെ ഒരു ഭാഗം മാത്രമാണ് ഇവർ ടാങ്കുകളിൽ നിറച്ചിരുന്നത്. ശേഷിക്കുന്ന ഡീസൽ രഹസ്യമായി മാറ്റി മോഷ്ടിച്ച് വിൽക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന രീതിയിൽ ഡീസൽ മോഷണം നടത്തിയതായി ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചതായും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.








