കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്താൻ പരിശോധന ശക്തമാക്കി കുവൈത്ത്. ഫഹഹീൽ, മഹ്ബൂല മേഖലകളിൽ അനധികൃതമായി തെരുവ് വ്യാപാരം നടത്തിയ 8 പേർ അറസ്റ്റിലായി. അഹ്‌മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ ഓപ്പറേഷൻസ് ആൻഡ് പട്രോൾസ് വിഭാഗം മെയ് 1-ന് വ്യാപക പരിശോധനയിലാണ് ഇവർ പിടിയിലായത്.
അനുമതിയില്ലാതെ താൽക്കാലിക സ്റ്റാളുകൾ സ്ഥാപിച്ച് സാധനങ്ങൾ വിറ്റിരുന്നവരെയാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി. പുകയില ഉൽപ്പന്നങ്ങൾ, പച്ചക്കറികൾ, വസ്ത്രങ്ങൾ, ചെരുപ്പുകൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ തുടങ്ങിയവ ഇവരിൽ നിന്നും പിടിച്ചെടുത്തു. എല്ലാ പ്രതികളെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. അനധികൃത തെരുവ് വ്യാപാരങ്ങൾ തടയുന്നതിനായി കുവൈത്ത് മുനിസിപ്പാലിറ്റിയുമായി സഹകരണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
നിയമലംഘനങ്ങൾ നിയന്ത്രിക്കുകയും പൊതുസമാധാനം ഉറപ്പാക്കുകയും ചെയ്യുന്നതിനായി ഇത്തരം പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.







