കുവൈത്ത് സിറ്റി: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കുവൈത്ത് സെൻട്രൽ ബാങ്ക്. വ്യാജ നിക്ഷേപ അവസരങ്ങളും സംശയാസ്പദമായ പണ കൈമാറ്റ പദ്ധതികളും ഉൾപ്പെടെയുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെയാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.
വലിയ തുക വാഗ്ദാനം ചെയ്ത് സാമ്പത്തിക സോഷ്യൽ മീഡിയയിലൂടെയും മെസേജിംഗ് പ്ലാറ്റ് ഫോമുകളിലൂടെയുമാണ് തട്ടിപ്പുകാർ ഇരകളെ വലയിലാക്കുന്നത്. തട്ടിപ്പുകാർ പലപ്പോഴും അജ്ഞാത അക്കൗണ്ടുകളിലൂടെ ഒന്നിലധികം വ്യക്തികൾക്കിടയിൽ ഫണ്ട് വിതരണം ചെയ്യുന്നു. ഇത് കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിക്കുന്ന രീതിയാണെന്ന് അധികൃതർ വ്യക്തമാക്കി. സംശയാസ്പദമായ നിക്ഷേപ ഓഫറുകളിലോ അനൗദ്യോഗിക സാമ്പത്തിക പദ്ധതികളിലോ ഏർപ്പെടരുതെന്ന് താമസക്കാരോട് അധികൃതർ അഭ്യർത്ഥിച്ചു.
പണം കൈമാറ്റം ചെയ്യുന്നതിന് മുൻപ് ഏതൊരു സാമ്പത്തിക പ്രവർത്തനത്തിന്റെയും നിയമസാധുത പരിശോധിക്കേണ്ടതിന്റെ പ്രാധാന്യവും അധികൃതർ ഉയർത്തിക്കാട്ടി.







