കുവൈത്ത് സിറ്റി: കുവൈത്തിൽ അഗ്നി സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ച 64 കെട്ടിടങ്ങൾക്കെതിരെ നടപടി. വെസ്റ്റ് അബു ഫുതൈറ ഇൻഡസ്ട്രിയൽ ഏരിയയിൽ കുവൈത്ത് ഫയർഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾ കണ്ടെത്തിയത്. അഗ്നിശമന സേന നിശ്ചയിട്ടുള്ള സുരക്ഷാ ആവശ്യകതകൾ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താനായാണ് അധികൃതർ പരിശോധന നടത്തിയത്. നിയമലംഘനം നടത്തിയ 64 കെട്ടിടങ്ങൾ അടച്ചുപൂട്ടുകയും നോട്ടീസ് നൽകുകയും ചെയ്തുവെന്ന് അധികൃതർ വ്യക്തമാക്കി.
പൊതുജന സുരക്ഷ വർധിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള കെട്ടിടങ്ങൾ അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനാ ക്യാമ്പെയ്‌നുകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.







