കുവൈത്ത് സിറ്റി: അംഗീകൃത ലൈസൻസില്ലാതെ വയർലെസ് ഉപകരണങ്ങൾ കൈവശം വെക്കുകയോ വിപണനം നടത്തുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അവ അധികൃതർക്ക് കൈമാറാൻ മൂന്ന് മാസത്തെ സമയ പരിധി അനുവദിച്ച് കുവൈത്ത്. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ ഉപകരണങ്ങൾ സ്വമേധയാ കൈമാറുന്നവർക്കെതിരെ യാതൊരുവിധ പിഴയോ നിയമനടപടികളോ ഉണ്ടാകില്ലെന്ന് കമ്മീഷൻ അറിയിച്ചു.
ആവശ്യമായ ലൈസൻസുകളോ മുൻകൂർ അനുമതികളോ ഇല്ലാതെ അന്താരാഷ്ട്ര തലത്തിലും പ്രാദേശിക വിപണിയിലും ഇത്തരം ഉപകരണങ്ങളുടെ ഇറക്കുമതിയും ഉപയോഗവും വർദ്ധിച്ചുവരുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കർശന നടപടി സ്വീകരിക്കുന്നത്.
ഇത്തരം നിയമവിരുദ്ധ ഉപകരണങ്ങൾ തരംഗദൈർഘ്യങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നതായും അനധികൃത ഇടപാടുകൾക്ക് കാരണമാകുന്നതായും അതോറിറ്റി പുറത്തിറക്കിയ സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു. കമ്പനികൾ, വ്യാപാര സ്ഥാപനങ്ങൾ, വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ വാണിജ്യ അക്കൗണ്ടുകൾ, വ്യക്തികൾ എന്നിവരുൾപ്പെടെ ലൈസൻസില്ലാതെ വയർലെസ് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാവർക്കും ഈ നിർദ്ദേശം ബാധകമാണ്. തിരികെ നൽകേണ്ട ഉപകരണങ്ങളെ പ്രധാനമായും രണ്ട് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഇതിൽ കമ്മീഷന്റെ സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്ന ഉപകരണങ്ങൾക്ക് ലൈസൻസ് നേടാൻ കഴിയും.
ഇത്തരം ഉപകരണങ്ങൾ കൈമാറിയ തീയതി മുതൽ ആറ് മാസത്തിനകം വിപണന ലൈസൻസിനായി കമ്പനികൾക്ക് അപേക്ഷ സമർപ്പിക്കാം. ആവശ്യമായ ഔദ്യോഗിക ലൈസൻസ് നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഈ ഉപകരണങ്ങൾ ഉടമകൾക്ക് തിരികെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.








