കുവൈത്ത് സിറ്റി: രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളും അന്തസ്സും ഉയർത്തിപ്പിടിക്കണമെന്ന് ആഹ്വാനം ചെയ്ത് മാനവ വിഭവ ശേഷി സമിതി. അന്തർ ദേശീയ ഗാർഹിക തൊഴിലാളി ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് ആഹ്വാനം നടന്നത്. ഗാർഹിക തൊഴിലാളികളുടെ സംഭാവനകളെ വിലമതിക്കുന്നതായും അവർക്ക് മാന്യമായ തൊഴിൽ അന്തരീക്ഷം ഒരുക്കുവാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണെന്നും പരിപാടിയിൽ വിലയിരുത്തി.
2015 ലെ 68-ാം നമ്പർ നിയമ പ്രകാരം ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളും കടമകളും നിർവചിക്കുന്നതായും അധികൃതർ പ്രഖ്യാപിച്ചു. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇരു കക്ഷികളും വേതന കൈമാറ്റ രസീതും പേയ്മെന്റ് രസീതും സൂക്ഷിക്കണം. തൊഴിലുടമയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതും അവരുടെ സ്വത്ത് സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നതും നിയമലംഘനമായി കണക്കാക്കും. തൊഴിലാളികൾക്ക് പ്രതിവാര, വാർഷിക അവധിക്ക് അർഹതയുണ്ടായിരിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
തൊഴിൽ കരാർ പ്രകാരം തൊഴിലുടമയുടെ നിർദ്ദേശങ്ങൾ ലംഘിക്കുന്നതിൽ നിന്ന് തൊഴിലാളി വിട്ടു നിൽക്കണം. തൊഴിലാളിയുടെ പാസ്പോർട്ട്, സിവിൽ ഐ ഡി കാർഡ് എന്നിവ തൊഴിലുടമ പിടിച്ചു വെക്കരുത്. തങ്ങളുടെ തൊഴിലാളികളുടെ മാനുഷിക അന്തസ്സും മാന്യമായ ജീവിത നിലവാരവും സംരക്ഷിക്കുവാൻ തൊഴിലുടമ ബാധ്യസ്ഥരാണെന്നും നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.








