കുവൈത്തിൻ്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി എം.എ. യൂസഫലിക്ക്

golden visa

കുവൈറ്റ് സിറ്റി: വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി കുവൈറ്റ് പുതുതായി ആരംഭിച്ച ദീർഘകാല റെസിഡൻസി പ്രോഗ്രാമിലെ ആദ്യത്തെ 15 വർഷത്തെ ‘ഗോൾഡൻ റെസിഡൻസി’ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനുമായ എം.എ. യൂസഫലിക്ക് ലഭിച്ചു.

ബയാൻ കൊട്ടാരത്തിൽ വെച്ച് നടന്ന ചടങ്ങിൽ കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് നേരിട്ടാണ് യൂസഫ് അലിക്ക് റെസിഡൻസി രേഖകൾ കൈമാറിയത്. മികച്ച നിക്ഷേപങ്ങളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനും മിഡിൽ ഈസ്റ്റിലെ ഒരു പ്രധാന ബിസിനസ്-നിക്ഷേപ കേന്ദ്രമായി കുവൈറ്റിനെ മാറ്റുന്നതിനും ഈ പദ്ധതി വലിയൊരു ചുവടുവെപ്പാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

വ്യാപാര സ്ഥാപനങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനും രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്ന സുരക്ഷിതവും നിക്ഷേപസൗഹൃദവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനുള്ള കുവൈറ്റിന്റെ പ്രതിജ്ഞാബദ്ധതയാണ് ഗോൾഡൻ റെസിഡൻസിയിലൂടെ പ്രതിഫലിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. മാറുന്ന സാമ്പത്തിക ആവശ്യങ്ങൾക്ക് അനുസൃതമായി സർക്കാർ നിയമങ്ങളിലും നടപടിക്രമങ്ങളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടരി ബ്രിഗേഡിയർ ജനറൽ ഫവാസ് അൽ റൗമി, മറ്റ് ഉന്നത മന്ത്രാലയം ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

വിദേശ മൂലധനം ആകർഷിക്കുന്നതിനും രാജ്യത്തെ ഒരു മുൻനിര നിക്ഷേപ കേന്ദ്രമാക്കുന്നതിനുമുള്ള കുവൈറ്റിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ‘ഗോൾഡൻ റെസിഡൻസി’ പദ്ധതിക്ക് തുടക്കമിട്ടത്. യുഎഇ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ ഗോൾഡൻ റസിഡൻസി ഇതിനകം ലഭിച്ച യൂസഫലിക്ക് ഇതോടെ എല്ലാ ജി.സി.സി. രാജ്യങ്ങളിലെയും ഗോൾഡൻ റസിഡൻസി നേടുന്ന ആദ്യത്തെ വിദേശ നിക്ഷേപകനായി.

രണ്ടായിരം മലയാളികൾ ഉൾപ്പെടെ ജോലി ചെയുന്ന കുവൈത്ത് ലുലുവിൽ നിലവിൽ 21 ഹൈപ്പർ മാർക്കറ്റുകളാണ് ലുലുവിന് കുവൈത്തിലുള്ളത്. നാല് പുതിയ ഹൈപ്പർ മാർക്കറ്റ് പദ്ധതികൾ പുരോഗമിക്കുന്നു. ഇത് കൂടാതെ കുവൈത്തിലെ ഏറ്റവും വലിയ ഭക്ഷ്യ സംസ്കരണ ലോജിസ്റ്റിക്സ് പദ്ധതിയും പ്രാരംഭ ഘട്ടത്തിലാണ്.

കുവൈത്ത് സർക്കാറിൻ്റെ ആദ്യത്തെ ദീർഘകാല ഗോൾഡൻ റസിഡൻസി കാർഡിനർഹനായതിൽ സന്തോഷമുണ്ടെന്ന് യൂസഫലി പറഞ്ഞു. കുവൈത്ത് അമീർ, കിരീടാവകാശി, ആഭ്യന്തര മന്ത്രി ഉൾപ്പെടെ കുവൈത്ത് ഭരണാധികാരികൾക്ക് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. ആഗോള നിക്ഷേപകർ വരുന്നതോടു കൂടി കുവൈത്ത് സാമ്പത്തിക മേഖല കൂടുതൽ അഭിവൃദ്ധിപ്പെടുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!