കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച 48 പ്രവാസികൾ പിടിയിൽ. ശുവൈഖ് വ്യവസായ മേഖലയിൽ ആഭ്യന്തര മന്ത്രാലയവും മാൻപവർ അതോറിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമലംഘകർ പിടിയിലായത്. ക്രിമിനൽ സെക്യൂരിറ്റി സെക്ടർ, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം എന്നിവർ പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.
ഇതിന്റെ ഭാഗമായി ശുവൈഖിലെ 120 ഓളം വ്യാപാര സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധനയും ഓഡിറ്റും നടത്തി. സ്വകാര്യ മേഖലയിലെ വിസ ലംഘിച്ച 36 പേർ, ഗാർഹിക വിസ നിയമം ലംഘിച്ച 9 പേർ, ഒളിച്ചോടിയ ഒരാൾ, ഡിപെൻഡന്റ് വിസ നിയമം ലംഘിച്ച ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. നിലവിലില്ലാത്ത കമ്പനിയുടെ പേരിൽ വിസയെടുത്ത ഒരാളെയും വാറണ്ട് പ്രകാരം പിടികൂടിയതായി അധികൃതർ വ്യക്തമാക്കി.








